Kerala
തിരുവനന്തപുരം: പൗരാവകാശത്തിനായി നിരന്തരം പോരാടിയ പൊതുപ്രവർത്തകൻ ഡിജോ കാപ്പന്റെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതിയോടെ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കോട്ടയം കളക്ടർ, കോട്ടയം ജില്ലാ പോലീസ് മേധാവി എന്നിവർക്ക് സർക്കാർ ഉത്തരവ് ലഭ്യമായി. സർക്കാരിന് വേണ്ടി ജില്ലാ കളക്ടർ ഭൗതിക ശരീരത്തിൽ റീത്ത് സമർപ്പിക്കും.
കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്ന പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ ഇന്ന് രാവിലെയാണ് മരിച്ചത്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഉപഭോക്താക്കളുടെ അവകാശങ്ങള്ക്കുള്ള പോരാട്ടങ്ങളിലൂടെയാണ് ഡിജോ കാപ്പൻ ശ്രദ്ധേയനായത്. കഴിഞ്ഞ വര്ഷമാണ് ഇദ്ദേഹത്തിന് കാര് അപകടത്തിൽ പരിക്കേറ്റത്. മാധ്യമചര്ച്ചകളിലെ നിരന്തര സാന്നിദ്ധ്യം കൂടിയായിരുന്നു അദ്ദേഹം. സെന്റര് ഫോര് കണ്സ്യൂമര് എഡ്യൂക്കേഷൻ സ്ഥാപിച്ചത് ഡിജോ കാപ്പനാണ്. കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം.
കേരള കോൺഗ്രസ് വിദ്യാർഥി പ്രസ്ഥാനമായ കെഎസ്സിയിലൂടെ പൊതുരംഗത്തേക്കു കടന്ന കാപ്പൻ 1982ൽ കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായി. കെഎസ്സിയുടെയും യൂത്ത് ഫ്രണ്ടിന്റിയും സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ച ഡിജോ 1998ൽ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾക്ക് വേണ്ടിയും റോഡ് സുരക്ഷയ്ക്ക് വേണ്ടിയും നിരവധി നിയമ പോരാട്ടങ്ങൾ നടത്തി. ഗതാഗതം, വൈദ്യതി മേഖലയിലെ കൺസ്യൂമർ ഫോറങ്ങളുടെ അമരക്കാരനായും ഇദ്ദേഹം അറിയപ്പെടുന്നു. ഭാര്യ മിനി കാപ്പൻ കേരള സർവ്വകലാശാല പ്ലാനിംഗ് വിഭാഗം മേധാവിയാണ്. ഭരണങ്ങാനം ഇടമറ്റം സ്വദേശിയാണ് ഡിജോ കാപ്പൻ.
District News
മുക്കം: അന്താരാഷ്ട്ര വനിത ദിനാചരണത്തിന്റെ ഭാഗമായി തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളി മാതൃവേദി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്ന ചടങ്ങിൽ ഫാ. ബെന്നി കാരക്കാട് ആദരവ് നൽകി.
കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റായി സേവനം ചെയ്ത ദിവ്യ ഷിബു, പഞ്ചായത്ത് മെമ്പറായി പ്രവർത്തിച്ച സിജി കുറ്റിക്കൊമ്പിൽ, അധ്യാപികയായും മതാധ്യാപികയായും സേവനം ചെയ്ത വത്സ ജോർജ്, മികച്ച വനിതാ കർഷകയായി തെരഞ്ഞെടുക്കപ്പെട്ട ടെസി ഷമ്മി തുടങ്ങിയവരെയാണ് ആദരിച്ചത്. അസിസ്റ്റന്റ് വികാരി ഫാ. മനു കുരൂർ, ആനിമേറ്റർ സിസ്റ്റർ ആലീസ്, സിസ്റ്റർ പവിത്ര റോസ്, യൂണിറ്റ് പ്രസിഡന്റ് ദിവ്യ ഷിബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
NRI
അബുദാബി: റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി 31 മുൻ ഇന്ത്യൻ സൈനികരെ ആദരിച്ച് അബുദാബി സാംസ്കാരിക വേദി. ഇന്ത്യൻ എംബസിയിൽ നടന്ന സലൂട്ടിംഗ് ദ റിയൽ ഹീറോസ് എന്ന പരിപാടിയിൽ നായ്ക് റാങ്ക് മുതൽ ബ്രിഗേഡിയർ റാങ്ക് വരെയുള്ള മുൻ സൈനിക ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.
ചടങ്ങിൽ എംബസി ഡിഫൻസ് അറ്റാച്ചെ ഗ്രൂപ്പ് ക്യാപ്റ്റൻ വി.എം. ഹർപ്രീത് സിംഗ് ലുത്ര മുഖ്യാതിഥി ആയിരുന്നു. രാജ്യസേവനത്തിനായ് ജീവിതം സമർപ്പിച്ച സൈനികർ നമ്മുടെ നാടിന്റെ യഥാർഥ നായകരാണെന്ന് ഗ്രൂപ്പ് ക്യാപ്റ്റൻ ഹർപ്രീത് സിംഗ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
അബുദാബി സാംസ്കാരിക വേദി നടത്തുന്ന ഈ ഒരു ചടങ്ങ് നമ്മുടെ നന്ദിയും ഉത്തരവാദിത്തബോധവും പുതുക്കിപ്പിടിക്കുന്ന ഒരു സ്മരണയാണ്. അവരുടെ സേവനവും ത്യാഗവും തലമുറകളിലേക്ക് കൈമാറപ്പെടേണ്ട പ്രചോദനമാണ് എന്നും അദ്ദേഹം പറയുകയുണ്ടായി. സാംസ്കാരിക വേദി പ്രസിഡന്റ് സാബു അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി ടി.വി. സുരേഷ്കുമാർ, ഇന്ത്യ സോഷ്യൽ സെന്റർ പ്രസിഡന്റ് ജയചന്ദ്രൻ നായർ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് മനോജ് , സമാജം കോഓർഡിനേഷൻ ചെയർമാൻ യേശുശീലൻ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് രക്ഷിത യാദവ്, ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, അഹല്യ ഗ്രൂപ്പ് ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകരൻ, സാംസ്കാരിക വേദി ചീഫ് പാട്രൻ അനൂപ് നമ്പ്യാർ,വനിത വിഭാഗം കൺവീനർ കവിത വിനോദ്, ജോ. സെക്രട്ടറി ശ്രീജിത്ത് കുറ്റിക്കോൾ എന്നിവർ സംസാരിച്ചു.
സെക്രട്ടറി ബിമൽകുമാർ സ്വാഗതവും ട്രഷറർ മുജീബ് അബ്ദുൾ സലാം നന്ദിയും പറഞ്ഞു. കേണൽ ഡോ. അജയ് രാജ് ഗുപ്ത, മേജർ ഡോക്ടർ അമോൾ പാണ്ടുരംഗ് മൂറെ, സ്കോഡ്രന്റ് ലീഡർ സംഗീത നായർ എന്നിവർ അവരുടെ സൈനിക അനുഭവങ്ങൾ പങ്കുവച്ചു.
അഗ്രത സുജിത്ത് അവതാരകയായിരുന്നു. പ്രതീകാല്മകമായി ഉണ്ടാക്കിയ അമർ ജവാൻ ജ്യോതിയിൽ പുഷ്പാർച്ചന നടത്തി കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. നാല് വനിത സൈനിക ഉദ്യോഗസ്ഥർ ഇത്തവണത്തെ ചടങ്ങിൽ പങ്കെടുത്തു.
സാംസ്കാരിക വേദി നടത്തിയ ഹരോൾഡ് റോബിൺസൻ മെമ്മോറിയൽ ചിത്ര രചന - കളറിംഗ് മൽസര വിജയികൾക്കുള്ള സമ്മാനദാനവും സാംസ്കാരിക വേദി കുടുംബത്തിലെ കുട്ടികൾക്കുള്ള മെരിറ്റ് അവാർഡും വിതരണം ചെയ്തു.